ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ഒൻപത് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ 17 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാർക്കൊപ്പം കളിക്കാൻ വീട്ടിൽ നിന്ന് പോയ കുട്ടി വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് കുട്ടിക്കൊപ്പം കളിച്ചിരുന്ന കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ, നാട്ടുകാരനായ 17 വയസുകാരനൊപ്പം കുട്ടി പോയിരുന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി അന്വേഷണസംഘത്തോട് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






