കോഴിക്കോട്: വിവാഹ രജിസ്ട്രേഷൻ ക്യാമ്പിലൂടെ ശ്രദ്ധേയമായ കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിൽ വീണ്ടും വൻ തിരക്ക്. വിവാഹത്തിനായി രജിസ്റ്റർ ചെയ്യാൻ നൂറുകണക്കിന് ആളുകളാണ് ഇത്തവണയും ക്ഷേത്രത്തിലെത്തിയത്.
കഴിഞ്ഞ മാസം ക്ഷേത്രത്തിൽ നടത്തിയ ആദ്യ ക്യാമ്പിൽ ആയിരം പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾ മറികടന്ന് ഏഴായിരത്തോളം പേർ ക്യാമ്പിലെത്തി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും രജിസ്ട്രേഷനായി എത്തിയിരുന്നു.
ക്ഷേത്രം നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അവിവാഹിതർക്കായി വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള പ്രദേശങ്ങളിലെ അവിവാഹിതരെ ലക്ഷ്യമിട്ടായിരുന്നു തുടക്കത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. എന്നാൽ വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് വ്യാപകമായി പ്രചരിച്ചതോടെ വിവിധ ജില്ലകളിൽനിന്നും ആളുകൾ എത്തുകയായിരുന്നു.
ആദ്യ ക്യാമ്പിൽ തിരക്ക് നിയന്ത്രിക്കാൻ സംഘാടകർ ഏറെ ബുദ്ധിമുട്ടി. രാവിലെ ഒൻപതിന് ആരംഭിക്കേണ്ടിയിരുന്ന ക്യാമ്പിൽ ഉദ്ഘാടകൻ എത്തുന്നതിന് മുമ്പുതന്നെ അപേക്ഷാ ഫോമുകൾ വിതരണം ചെയ്യേണ്ടിവന്നു. അപേക്ഷകരുടെ നീണ്ട നിര ദേശീയപാതയിലേക്ക് വരെ എത്തിയതോടെ പൊലീസ് ഇടപെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. അച്ചടിച്ച ഫോമുകൾ തീർന്നതോടെ കൂടുതൽ ഫോമുകൾ ഫോട്ടോകോപ്പി എടുത്ത് വിതരണം ചെയ്യുകയും ചെയ്തു.
ആദ്യ ക്യാമ്പിൽ പതിനായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 80 ശതമാനത്തോളം അപേക്ഷകരും 30 വയസ്സിന് മുകളിലുള്ള പുരുഷന്മാരായിരുന്നു. പുരുഷന്മാരുടെ അപേക്ഷകൾ കൂടുതലായി ലഭിച്ച സാഹചര്യത്തിൽ നവംബർ 21 മുതൽ എല്ലാ ഞായറാഴ്ചകളിലും ക്യാമ്പ് നടത്താൻ ക്ഷേത്ര ഭാരവാഹികൾ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ വീണ്ടും വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.


