ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ നടന്ന ഇരട്ടക്കൊലപാതകത്തിന് പിന്നിൽ പ്രണയബന്ധത്തിലെ സംശയമെന്ന് പൊലീസ്. മാലിനിയെയും സുഹൃത്തായ രഞ്ജിത് കുമാറിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മാലിനിയുടെ മുൻസുഹൃത്തായ സഞ്ജീവ് ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്.
മാലിനിയും സഞ്ജീവ് ഗാന്ധിയും തിരുവണ്ണാമലൈ ജില്ലയിലെ ഒരേ സ്കൂളിൽ പഠിച്ചവരാണ്. കഴിഞ്ഞ വർഷം നടന്ന സ്കൂൾ പൂർവവിദ്യാർഥി സംഗമത്തിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദം പ്രണയബന്ധമായി വളർന്നു. എന്നാൽ അടുത്തിടെ മാലിനി സഞ്ജീവിൽനിന്ന് അകന്നുതുടങ്ങിയതായി പൊലീസ് പറയുന്നു. ഇതിനിടെ രഞ്ജിത് കുമാറുമായി മാലിനിക്ക് അടുപ്പമുണ്ടെന്ന സംശയം സഞ്ജീവിനുണ്ടായി. ഇതാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മാലിനിയും രഞ്ജിത് കുമാറും ബന്ധുക്കളാണ്. ഇരുവരും ഒരു ഹൗസിങ് പ്ലോട്ട് സന്ദർശിക്കാനായി കാറിലെത്തിയപ്പോഴായിരുന്നു ആക്രമണം. വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഉടൻ സഞ്ജീവ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.


