തിരുവനന്തപുരം: നഗരത്തിൽ ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന യുവാവിനെ തിരുമല വലിയവിളയിലെ ഫ്ലാറ്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട മുട്ടട സ്വദേശിയായ സിദ്ധാർഥ് (28) ആണ് പിടിയിലായത്.
സിറ്റി പൊലീസ് കമ്മിഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും പൂജപ്പുര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വലിയവിള മൈത്രി നഗറിലെ എസ്.പി പ്ലാസയിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രതി. ഇവിടെ നടത്തിയ പരിശോധനയിൽ എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് എന്നിവ പൊലീസ് പിടിച്ചെടുത്തു.
സിദ്ധാർഥ് നേരത്തെയും ലഹരിമരുന്ന് കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 200 കിലോ കഞ്ചാവ് കടത്ത് കേസിൽ ഇയാൾ മൂന്ന് വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ച കേസിൽ എക്സൈസിലും ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.






