തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്. തിയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് എത്തിയതുപോലെയാണെന്നും ഒരു ചായ വാങ്ങി കുടിക്കാൻ പോലും ലോണെടുക്കേണ്ട അവസ്ഥയാണെന്നും മേയർ വിമർശിച്ചു.
പുറത്ത് 30 രൂപയ്ക്ക് ലഭിക്കുന്ന പോപ്കോണിന് തിയേറ്ററുകളിൽ 300 രൂപ വരെ ഈടാക്കുന്നുവെന്നും പുറത്ത് 10 രൂപയ്ക്ക് ലഭിക്കുന്ന ചായയ്ക്ക് 200 രൂപ വരെ വില ഈടാക്കുന്നുവെന്നും മേയർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ഭക്ഷണ സാധനങ്ങൾ തിയേറ്ററിനകത്തേക്ക് കൊണ്ടുപോകാനും അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ഇടപെടണമെന്ന് മേയർ ആവശ്യപ്പെട്ടു. ജനങ്ങളെ ചൂഷണം ചെയ്യുന്ന സമീപനത്തോട് കോർപറേഷൻ ഭരണസമിതിക്ക് യോജിപ്പില്ലെന്നും സാധാരണക്കാരെ പരിഗണിച്ചായിരിക്കണം ഇത്തരം സംവിധാനങ്ങൾ മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചുകുട്ടികളുമായി തിയേറ്ററിലെത്തുന്ന കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾക്കായി മാത്രം 1000 രൂപ വരെ ചെലവാകുന്ന സാഹചര്യമുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ പറഞ്ഞു. ജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമായി തുടരുകയാണെന്നും അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മേയർ അറിയിച്ചു. കോർപറേഷന്റെ നേതൃത്വത്തിൽ പ്രതിദിനം 30ഓളം തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


