കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി വാരണാസിയിലെത്തിയ പൊലീസ് സംഘം ഒരാഴ്ചത്തെ പരിശോധനയ്ക്ക് ശേഷം മടങ്ങി. യുപി പൊലീസിന്റെ സഹായത്തോടെ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.
വാരണാസിയിൽ വിവിധ സ്ഥലങ്ങളിലായി നൂറിലേറെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. മലയാളി അസോസിയേഷൻ പ്രവർത്തകരും അന്വേഷണ സംഘത്തിന് ആവശ്യമായ സഹായം നൽകി. എന്നാൽ ശിവസൂര്യ വാരണാസിയിൽ എത്തിയതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.
മൊബൈൽ ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീടുവിട്ടുപോയത്. കാശിയിലേക്ക് പോകുകയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പും വീട്ടിൽ എഴുതിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം വാരണാസിയിലെത്തി അന്വേഷണം നടത്തിയത്.
ശിവസൂര്യയെ കണ്ടെത്തുന്നതിനായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലും നേരത്തെ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെ കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.












