റായ്പുർ: ഛത്തീസ്ഗഡിലെ ജഞ്ച്ഗീർ-ചമ്പ ജില്ലയിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനഞ്ചുകാരൻ മരണപ്പെട്ടു. പൊടി ദൽഹ സ്വദേശി അഖിലേഷ് ധീവറാണ് മരിച്ചത്. ഇതേ തണ്ണിമത്തൻ കഴിച്ച കുടുംബത്തിലെ പന്ത്രണ്ടും പതിമൂന്നും നാലും വയസുള്ള മറ്റ് മൂന്ന് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം അമ്മവീട്ടിൽ ബന്ധുക്കൾക്കൊപ്പം എത്തിയപ്പോഴാണ് കുട്ടികൾ തണ്ണിമത്തൻ കഴിച്ചത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം അഖിലേഷിന് കടുത്ത ഛർദ്ദിയും വയറിളക്കവും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. വൈകാതെ മറ്റ് കുട്ടികളിലും സമാന ലക്ഷണങ്ങൾ പ്രകടമായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
രാവിലെ മുറിച്ചുവെച്ച തണ്ണിമത്തൻ മണിക്കൂറുകൾക്ക് ശേഷം കഴിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ഇത് കടുത്ത ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയിട്ടുണ്ടാകാം എന്ന് കരുതുന്നു. എന്നാൽ ലബോറട്ടറി പരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. എസ്. കുജൂർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് വീട്ടിലുണ്ടായിരുന്ന മറ്റൊരു തണ്ണിമത്തൻ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അഖിലേഷിന്റെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ വ്യക്തത വരുമെന്നും അധികൃതർ അറിയിച്ചു.






