തിരുവനന്തപുരം: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയുമായിരുന്ന യുവാവും രണ്ട് സഹായികളും പോലീസ് പിടിയിലായി. പെട്ട സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി.എസ്. (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ എസ്. (കണ്ണൻ, 44) എന്നിവരാണ് നെടുമങ്ങാടിൽ നിന്ന് പിടിയിലായത്.
തുമ്പ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനു, ശങ്കർ എന്നിവരെയും കേസിൽ പ്രതിചേർത്തത്. അനന്തുവിനെതിരെ തുമ്പ, പെട്ട സ്റ്റേഷനുകളിലായി എട്ട് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഭാര്യയുമായി നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് ആറ്റിപ്ര പുള്ളുകാട് ഭാഗത്തെ ഭാര്യവീട്ടിൽ അതിക്രമിച്ച് കയറിയ അനന്തു, കൈവശം ഉണ്ടായിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ചതായാണ് വിവരം.






