ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ മൂന്ന് മാസത്തേക്ക് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. വിമാന ഇന്ധനവില കുത്തനെ ഉയർന്നതിനെ തുടർന്നാണ് നടപടി. പ്രതിദിനം ഏകദേശം 100 സർവീസുകളാണ് കുറയ്ക്കുന്നത്. ന്യൂഡൽഹിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായി നിർത്തി. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളും കുറച്ചിട്ടുണ്ട്.
ഇന്ധനവില വർധിച്ചതും വിദേശ റൂട്ടുകളിൽ നഷ്ടം കൂടിയതുമാണ് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ചില ആകാശപാതകൾ അടച്ചതും വിമാനങ്ങൾ ദീർഘദൂര വഴികൾ തിരഞ്ഞെടുത്ത് സർവീസ് നടത്തേണ്ട സാഹചര്യം ഉണ്ടായതും കമ്പനിയെ ബാധിച്ചു. എയർ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ മുൻപേ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യം ഉടൻ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ വേഗം അവസാനിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. സാഹചര്യങ്ങൾ അനുകൂലമായാൽ സർവീസുകൾ വീണ്ടും പുനഃസ്ഥാപിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.






