അബുദാബി: യുദ്ധങ്ങളും പ്രാദേശിക സംഘർഷങ്ങളും താൽക്കാലിക വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെങ്കിലും അവയെ അതിജീവിച്ച് ശക്തമായി മുന്നോട്ടുപോകാനുള്ള കരുത്തിലാണ് യുഎഇ നിലകൊള്ളുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ജ്ഞാനമുള്ള നേതൃത്വം, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, ആധുനിക സമ്പദ്‌വ്യവസ്ഥ, ഐക്യദാർഢ്യം, സഹിഷ്ണുത, നീതി എന്നീ മൂല്യങ്ങളാണ് രാജ്യത്തിന്റെ കരുത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുടെ ഇന്നത്തെ വളർച്ചയും വിജയവും യാദൃശ്ചികമല്ലെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും വർഷങ്ങളായുള്ള കഠിനാധ്വാനവുമാണ് അതിന് പിന്നിലെന്നും അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഏത് വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും രാജ്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക മേഖലയിൽ യുദ്ധഭീതി തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ പ്രാധാന്യമേറെയാണെന്നാണ് വിലയിരുത്തൽ. അതേസമയം, ഹോർമുസ് കടലിടുക്കിൽ ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നീക്കത്തെ അൻവർ ഗർഗാഷ് നേരത്തെ വിമർശിച്ചിരുന്നു. ഇറാൻ നേരിട്ട സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






