ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി (79) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ ശസ്ത്രക്രിയയ്ക്കായി ഗുരുഗ്രാമിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേത്ര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയയാണെന്നും റിപ്പോർട്ടുകളുണ്ട്.
കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച വിഷയത്തിൽ ഇന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന സാഹചര്യത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പ്രവേശനം. നിലവിലെ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സോണിയാ ഗാന്ധി വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഈ വർഷം ജനുവരിയിൽ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവും കാരണം ആസ്തമ വഷളായതാണെന്ന് അന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഈ വർഷം മാർച്ചിൽ അസ്വസ്ഥതയെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.2025-ൽ മാത്രം ഉദരസംബന്ധമായ അസ്വസ്ഥതകളും പതിവ് പരിശോധനകളും കാരണം അവർ പലതവണ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.






