കൊല്ലം:മുഖ്യമന്ത്രി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഘടകകക്ഷികൾക്ക് പ്രസക്തിയില്ലെന്ന എം.എം. ഹസന്റെ പരാമർശത്തിനെതിരെ ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി രംഗത്ത്. ഹൈക്കമാൻഡ് പ്രതിനിധികൾ ഔദ്യോഗികമായി ക്ഷണിച്ചതനുസരിച്ചാണ് ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ചർച്ചയിൽ പങ്കെടുത്തതെന്നും അല്ലാതെ സ്വമേധയാ കയറിച്ചെന്ന് അഭിപ്രായം പറയുകയല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ നിലപാട് വ്യക്തമാക്കിയത് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ്. ഹസൻ പറയുന്നത് കേട്ടാൽ മുസ്ലിം ലീഗ് തിടുക്കപ്പെട്ട് കോൺഗ്രസ് വിഷയങ്ങളിൽ ഇടപെട്ടതുപോലെ തോന്നും. ഇത്തരം പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും പ്രേമചന്ദ്രൻ വിമർശിച്ചു.
യുഡിഎഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുണ്ടായ അനിശ്ചിതത്വം നിർഭാഗ്യകരമാണ്. 102 സീറ്റുകൾ നൽകി മുന്നണിയെ വിജയിപ്പിച്ച ജനങ്ങൾ ഇപ്പോൾ ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റിട്ടും കേരളത്തിൽ തീരുമാനം നീണ്ടുപോകുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ല. എൽഡിഎഫിന്റെ പരാജയത്തെക്കുറിച്ചും സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചും ചർച്ച ചെയ്യേണ്ട സമയത്ത്, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങളും വിഭാഗീയതയും യുഡിഎഫിന്റെ വിജയശോഭ കെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യം മുന്നണിയുടെ ഭാവി പ്രയാണത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുന്നണി മര്യാദ പാലിച്ച് കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് നേതാവിനെയും മുഖ്യമന്ത്രിയായി അംഗീകരിക്കാൻ ആർഎസ്പി തയ്യാറാണ്. ആരുടെയും പേര് തങ്ങൾ പ്രത്യേകം നിർദേശിച്ചിട്ടില്ല, മറിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഹൈക്കമാൻഡിനെ ധരിപ്പിച്ചത്. കോൺഗ്രസ് ഏത് നേതാവിനെ കൊണ്ടുവന്നാലും അംഗീകരിക്കും. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ച് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ എത്രയും വേഗം നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.






