ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ വിമാന ഇന്ധനവിലയില്‍ വന്‍ കുതിപ്പുണ്ടായതിന് പിന്നാലെ എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ഇന്ധന പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ മുതല്‍ മൂന്ന് മാസത്തേക്ക് നൂറോളം സര്‍വീസുകള്‍ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോ, നെവാര്‍ക്ക്, സിംഗപ്പൂര്‍, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചതായാണ് വിവരം. സാന്‍ ഫ്രാന്‍സിസ്‌കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തിലും കുറവ് വരും.
കുറഞ്ഞ ചിലവില്‍ നാട്ടിലേക്ക് പോയിവരാന്‍ സഹായിച്ചിരുന്ന എയര്‍ ഇന്ത്യ സര്‍വീസുകള്‍ കുറച്ചാല്‍ ഗള്‍ഫില്‍ അടക്കമുള്ള പ്രവാസികള്‍ കുടുങ്ങും.






