വയനാട്:കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, ഹൈക്കമാൻഡ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വയനാട് കൽപ്പറ്റയിലും കോഴിക്കോട് കാരശ്ശേരിയിലുമാണ് എഐസിസി നേതൃത്വത്തെ നേരിട്ട് ലക്ഷ്യം വെച്ചുള്ള പ്രതിഷേധ ബോർഡുകളും പോസ്റ്ററുകളും പതിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലുണ്ടായ അനിശ്ചിതത്വവും കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിക്കുന്നതുമാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളാണ് പോസ്റ്ററുകളിൽ ഉടനീളം ഉന്നയിച്ചിട്ടുള്ളത്. “കെ.സി. വേണുഗോപാൽ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങൾക്ക് അദ്ദേഹം സ്വീകാര്യനല്ല” എന്ന വാചകമാണ് പ്രധാനമായും പോസ്റ്ററുകളിലുള്ളത്. ജയിക്കാൻ വേണ്ടി മാത്രം വയനാട്ടിലേക്ക് വരരുതെന്നും, കേന്ദ്ര നേതൃത്വത്തിന്റെ ഇത്തരം രാഷ്ട്രീയ നിലപാടുകൾ തങ്ങൾക്ക് മടുത്തുവെന്നും പോസ്റ്ററുകളിലൂടെ പ്രാദേശിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും വിശ്വസ്തനായ നേതാവെന്ന നിലയിൽ കെ.സി. വേണുഗോപാലിനെ ഹൈക്കമാൻഡ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം പ്രവർത്തകർക്കിടയിൽ ശക്തമാണെന്ന് ഈ പ്രതിഷേധം വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ സാധിക്കാത്തത് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കുന്നതായി അണികൾക്കിടയിൽ സംസാരമുണ്ട്. വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള വടംവലിയിൽ ഹൈക്കമാൻഡ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന തോന്നലാണ് ഇപ്പോൾ പോസ്റ്റർ പ്രതിഷേധമായി മാറിയിരിക്കുന്നത്. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങൾ വെച്ച് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന അടുത്ത നടപടി ഏറെ നിർണ്ണായകമാകും.






