ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ആശുപത്രി സന്ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് അവർ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തിയത് എന്നാണ് വിവരം.
പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ സോണിയ ഗാന്ധി വീട്ടിൽ തിരിച്ചെത്തിയതായി റിപ്പോർട്ടുണ്ട്. പതിവ് ചികിത്സയുടെ ഭാഗമായുള്ള സന്ദർശനമാണിതെന്ന് വ്യക്തമാകുന്നതോടെ നേരത്തെ ഉയർന്നിരുന്ന ആശങ്കകൾക്ക് വിരാമമായി.
കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച വിഷയത്തിൽ ഇന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന സാഹചര്യത്തിലായിരുന്നു സോണിയ ഗാന്ധിയുടെ ആശുപത്രി സന്ദർശനം. ഇതോടെ പ്രഖ്യാപനം വൈകുമോ എന്ന ആശങ്കയും ഉയർന്നിരുന്നു.
എന്നാൽ ഇത് പതിവ് ആരോഗ്യപരിശോധന മാത്രമാണെന്ന് വ്യക്തമാകുന്നതോടെ വൈകുന്നേരത്തോടെ രാഹുലും ഖാർഗെയും കൂടിക്കാഴ്ച നടത്തുമെന്ന സൂചനകൾ ലഭിക്കുന്നു. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സോണിയ ഗാന്ധി വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വർഷം ജനുവരിയിൽ ശ്വസനതടസം മൂലം അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
ഡൽഹിയിലെ തണുപ്പും വായുമലിനീകരണവും മൂലം ആസ്തമ വഷളായതിനെ തുടർന്ന് അന്ന് ചികിത്സ തേടേണ്ടി വന്നിരുന്നു. മാർച്ചിലും അസ്വസ്ഥതയെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചിരുന്നു.






