വാഷിംഗ്‌ടൺ ഡിസി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും. ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾ മൂലം ആഗോള ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചർച്ച നടക്കുന്നത്.
ഇറാനെതിരെ സമ്മർദം ചെലുത്താനും ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ഗതാഗതം സുഗമമാക്കാനും ചൈന ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് എണ്ണവിലയും വിതരണവും ബാധിക്കപ്പെട്ട സാഹചര്യമാണ് നിലവിൽ നിലനിൽക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ പ്രധാനമാകും. ഒമ്പത് വർഷങ്ങൾക്ക് ശേഷം ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നതും ഈ കൂടിക്കാഴ്ചയുടെ പ്രത്യേകതയാണ്.
കൂടിക്കാഴ്ചയ്ക്ക് മുൻപ് ട്രംപ്, ഷീ ജിൻപിങ്ങുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും അറിയിച്ചു. “അദ്ദേഹം എന്റെ നല്ല സുഹൃത്താണ്” എന്നും ട്രംപ് പ്രതികരിച്ചു. ഇരു രാജ്യങ്ങൾക്കും ഗുണകരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.






