റിയാദ്: ഇത്തവണത്തെ ഹജ്ജ് സീസണിൽ സേവനത്തിനെത്തുന്ന മുഴുവൻ ജീവനക്കാർക്കും മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഹജ്ജ് വേളയിൽ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും ആരോഗ്യപ്രവർത്തകരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ജോലിയിൽ പ്രവേശിക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക എന്നത് പ്രധാന നിബന്ധനയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽ ബാഖി വ്യക്തമാക്കി. ജോലി ആരംഭിക്കുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുമ്പെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.
അംഗീകൃത മെനിഞ്ചൈറ്റിസ് വാക്സിനുകൾക്ക് അഞ്ച് വർഷത്തെ കാലാവധിയുള്ളതിനാൽ, ഈ കാലയളവിനുള്ളിൽ കുത്തിവെപ്പ് എടുത്തവർ വീണ്ടും എടുക്കേണ്ടതില്ല. എന്നാൽ ഇതിന് പുറമെ സീസണൽ ഫ്ലൂ, കോവിഡ്-19 വാക്സിനുകളും ജീവനക്കാർ കൃത്യമായി എടുത്തിരിക്കണം. 2025 മുതൽ ലഭ്യമായ കോവിഡ് വാക്സിന്റെ പുതുക്കിയ പതിപ്പ് സ്വീകരിക്കാത്തവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ‘സ്വിഹത്തി’ ആപ്പ് വഴി വാക്സിനേഷനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സെക്യൂരിറ്റി, മിലിട്ടറി, യൂണിവേഴ്സിറ്റി വിഭാഗങ്ങളിലെ ജീവനക്കാർക്ക് അവരുടെ ജോലിസ്ഥലങ്ങളിൽ തന്നെ വാക്സിൻ ലഭ്യമാക്കാൻ മന്ത്രാലയം പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തീർഥാടകർ തിങ്ങിനിറയുന്ന സ്ഥലങ്ങളിൽ രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് ഇത്തരം മുൻകരുതൽ നടപടികൾ കർശനമാക്കിയിരിക്കുന്നത്.






