തിരുവനന്തപുരം:മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിച്ച് വി.ഡി സതീശൻ. തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നതിലും തിരഞ്ഞെടുക്കപ്പെടുന്നതിലും നിർണ്ണായക പങ്കുവഹിച്ച നേതാവിനോട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ ആന്റണിയുടെ വീട്ടിലെത്തിയത്. സതീശന്റെ നേതൃത്വത്തിലുള്ള വരാനിരിക്കുന്ന അഞ്ച് വർഷം കേരളത്തിന്റെ സുവർണ്ണകാലമായി മാറട്ടെയെന്ന് എ.കെ ആന്റണി ആശംസിച്ചു. വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിയാലോചിച്ചെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ താൻ പൂർണ്ണമായി പിന്താങ്ങുന്നുവെന്നും ആന്റണി വ്യക്തമാക്കി.
അതേസമയം, കേരളം സാമ്പത്തികമായി തരിപ്പണമായ അവസ്ഥയിലാണെന്ന യാഥാർത്ഥ്യം മറക്കരുതെന്ന് ആന്റണി ഓർമ്മിപ്പിച്ചു. 2001-ൽ താൻ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അതിനാൽ തുടക്കത്തിൽ തന്നെ വലിയ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്നും സംസ്ഥാനത്തെ കരകയറ്റാൻ ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ചില ‘കൈപ്പുനീർ’ കുടിക്കേണ്ടി വന്നേക്കാം, അത്തരം സാഹചര്യങ്ങളിൽ സതീശന് ആവശ്യമായ സാവകാശവും പിന്തുണയും നൽകാൻ മാധ്യമങ്ങളും ജനങ്ങളും തയ്യാറാകണം. തുടക്കത്തിൽ ആരവം മുഴക്കുന്നവർ പിന്നീട് കല്ലെറിയുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, സാമ്പത്തിക തകർച്ചയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ സതീശനും യുഡിഎഫിനും സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും തന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.






