ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ചെലവുചുരുക്കൽ ആഹ്വാനത്തിന് പിന്നാലെ ഡൽഹിയിൽ സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം അനുവദിച്ചു. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോള ഇന്ധനവിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധിയും ഇന്ധനവില വർധനവും കണക്കിലെടുത്ത് പൗരന്മാർ ചെലവുകൾ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിദേശയാത്രകളും ആഡംബര വിവാഹാഘോഷങ്ങളും ഒരു വർഷത്തേക്ക് ഒഴിവാക്കുക, പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്കും പൊതുഗതാഗതത്തിലേക്കും കൂടുതൽ മാറുക തുടങ്ങിയ നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സ്വർണ ഇറക്കുമതി കുറയ്ക്കുന്നതിനായി സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും വിവിധ മേഖലകളിൽ വീണ്ടും വർക്ക് ഫ്രം ഹോം സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ആദ്യഘട്ട നടപടിയായാണ് ഡൽഹി സർക്കാർ ആഴ്ചയിൽ രണ്ടുദിവസം സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. സർക്കാരിന്റെ സാമ്പത്തിക-ഭരണപരമായ പരാജയങ്ങളാണ് ഇത്തരം നിർദേശങ്ങൾക്ക് പിന്നിലെന്നാണ് കോൺഗ്രസ് വിമർശനം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഭരണപരാജയത്തിന്റെ തെളിവായി വിശേഷിപ്പിച്ചു.






