ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പദ്ധതി നടപ്പാക്കുമെന്ന് കമ്മിഷൻ അറിയിച്ചു. സെൻസസ് നടപടികളും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ച് ഹിമാചൽ പ്രദേശ്, ലഡാക്ക്, കാശ്മീർ എന്നിവിടങ്ങളിൽ പദ്ധതി പിന്നീട് ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തുടനീളം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) എസ്ഐആർ നടപടികളിൽ പങ്കെടുക്കും. ഇവർ ഏകദേശം 36.73 കോടി വോട്ടർമാരെ നേരിട്ട് സന്ദർശിക്കും. കൂടാതെ രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെയും (ബി.എൽ.എ) സഹായം ലഭ്യമാക്കും.
സെൻസസ് നടപടികൾക്കൊപ്പം തന്നെയാണ് വോട്ടർ പട്ടിക പരിഷ്കരണവും നടത്തുന്നത്. അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും മരണപ്പെട്ടവരെയും താമസം മാറിയവരെയും പോലുള്ള അയോഗ്യരായ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അസം, പശ്ചിമ ബംഗാൾ, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനുമുമ്പ് എസ്ഐആർ നടപ്പാക്കിയിരുന്നു.






