ധരംശാല: പ്ലേ ഓഫ് പോരില്‍ നിന്ന് നേരത്തെ തന്നെ പുറത്തായെങ്കിലും പ്ലേ ഓഫ് മോഹികളുടെ വഴിമുടക്കാന്‍ മുംബൈ ഇന്ത്യന്‍സിനാകും. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ ആറു വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ആദ്യ ഏഴു കളികളില്‍ ആറും ജയിച്ച് പോയിന്റുപട്ടികയില്‍ മുന്നിലായിരുന്ന പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ഇത് പ്ലേ ഓഫ് സാധ്യതകളെ ബാധിക്കും. സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ 200/8. മുംബൈ 19.5 ഓവറില്‍ 205/4.
റയാന്‍ റിക്കള്‍ട്ടണ്‍ (23 പന്തില്‍ 48) നല്‍കിയ മിന്നുന്ന തുടക്കം മുതലാക്കി ആഞ്ഞടിച്ച തിലക് വര്‍മയും (33 പന്തില്‍ 75) വില്‍ ജാക്സും (10 പന്തില്‍ 25) ചേര്‍ന്നാണ് മുംബൈക്ക് ഒരു പന്ത് ബാക്കിനില്‍ക്കേ ആവേശവിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് (32 പന്തില്‍ 57), പ്രിയാന്‍ഷ് ആര്യ (17 പന്തില്‍ 22), അസ്മത്തുള്ള ഒമര്‍സായ് (17 പന്തില്‍ 38), കൂപ്പര്‍ കോന്നോളി (22 പന്തില്‍ 21) എന്നിവരാണ് മികച്ച സ്‌കോറിലെത്തിച്ചത്.






