തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ലക്ഷ്യമിട്ട് വൈദ്യുത ഷോക്കിലൂടെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി പരാതി. മാരായമുട്ടം മഞ്ചവിളാകത്ത് രമ്യയുടെ വീട്ടിലാണ് സംഭവം.
വൈദ്യുത മീറ്ററിൽ നിന്ന് വയർ വലിച്ച് വീടിന്റെ മുൻവാതിലിന്റെ ഹാൻഡിലിൽ ഘടിപ്പിച്ച് ഷോക്കേൽപ്പിക്കാൻ ശ്രമിച്ചതായാണ് കണ്ടെത്തിയത്. രാവിലെ വാതിൽ തുറക്കുന്നതിനിടെ രമ്യയുടെ മകൻ അലൻ (13) ഷോക്കേറ്റ് നിലത്ത് വീണു.
തുടർന്ന് നടത്തിയ പരിശോധനയിൽ മീറ്ററിൽ നിന്ന് വാതിലിന്റെ പിടിയിലേക്ക് വയർ കണക്റ്റ് ചെയ്തിരുന്നതായി കണ്ടെത്തി. ഉടൻ തന്നെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പരിക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






