ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധനയ്ക്ക് പിന്നാലെ ഡൽഹിയിൽ സിഎൻജി നിരക്കും ഉയർന്നു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചതോടെ ഓട്ടോറിക്ഷ-ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് യൂണിയനുകൾ രംഗത്തെത്തി.
പുതിയ വർധനവോടെ ഡൽഹിയിലെ സിഎൻജി വില കിലോയ്ക്ക് 79.09 രൂപയായി. ഇന്ധനവില വർധനവ് ദൈനംദിന വരുമാനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഓട്ടോറിക്ഷ യൂണിയനും ഡൽഹി പ്രദേശ് ടാക്സി യൂണിയനും മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് കത്തയച്ചു.
നിലവിലെ ഓട്ടോ കുറഞ്ഞ നിരക്ക് 30 രൂപയിൽ നിന്ന് 50 രൂപയാക്കണമെന്നും തുടർന്ന് ഓരോ കിലോമീറ്ററിനും ഈടാക്കുന്ന നിരക്ക് 11 രൂപയിൽ നിന്ന് 15 രൂപയാക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.
ടാക്സികളിൽ ആദ്യ കിലോമീറ്ററിനുള്ള അടിസ്ഥാന നിരക്ക് 40 രൂപയിൽ നിന്ന് 70 രൂപയാക്കണമെന്നും നോൺ-എസി ടാക്സികൾക്ക് കിലോമീറ്ററിന് 30 രൂപയും എസി ടാക്സികൾക്ക് 40 രൂപയും ഈടാക്കണമെന്നും ആവശ്യപ്പെട്ടു.
വെയ്റ്റിംഗ് ചാർജ് മിനിറ്റിന് ഒരു രൂപയാക്കുകയും ലഗേജ് ചാർജ് 25 രൂപയായി ഉയർത്തുകയും വേണമെന്നാണ് മറ്റൊരു ആവശ്യം. രാത്രികാല സർവീസുകൾക്കുള്ള അധിക നിരക്ക് തുടരണമെന്നും യൂണിയനുകൾ വ്യക്തമാക്കി. ഇന്ധനവിലയ്‌ക്കൊപ്പം ടയർ, സ്പെയർ പാർട്സ്, എഞ്ചിൻ ഓയിൽ എന്നിവയുടെ വിലയും ഉയർന്നതാണ് നിരക്ക് വർധന ആവശ്യപ്പെടാൻ കാരണമായതെന്ന് സംഘടനകൾ പറയുന്നു.
പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രാജ്യാന്തര ഇന്ധന വിതരണത്തെ ബാധിച്ചതാണ് ആഭ്യന്തര വിലക്കയറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. യാത്രാക്കൂലി വർധനവ് സാധാരണക്കാരായ യാത്രക്കാരെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.




