മദ്യം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവരുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള ഒത്തുചേരലുകളിലോ, ഒരു ആഘോഷവേളയിലോ വിശ്രമവേളയിലോ ഒരു ഗ്ലാസ് മദ്യം എന്നത് പലർക്കും സാധാരണമാണ്. എന്നാൽ, ‘നിരുപദ്രവകരം’ എന്ന് കരുതുന്ന ഈ ശീലം നമ്മുടെ ജീവിതം നശിപ്പിക്കുകയും ഒരു നിത്യരോഗിയാക്കി മാറ്റുകയും ചെയ്യുമെന്നതും അധികം പേരും ഓർക്കില്ല.
സ്വഭാവികമായും വിഷാംശമുള്ള ഒന്നാണ് മദ്യം. അത് ഏത് അളവിൽ അകത്ത് ചെന്നാലും പ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് പോളിസി റിസർച്ചിലെ സീനിയർ സയന്റിസ്റ്റ് ജൂർഗൻ റെഹം നടത്തിയ പഠനമനുസരിച്ച്, മദ്യം നേരിട്ട് അറുപത്തിരണ്ടോളം വിവിധ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഹൃദ്രോഗങ്ങൾ, സൈക്കോട്ടിക് ഡിസോർഡർ, ഗ്യാസ്ട്രൈറ്റിസ്, അൾസർ, പാൻക്രിയാറ്റൈറ്റിസ്, ഫാറ്റി ലിവർ, സിറോസിസ് എന്നിവയെല്ലാം ഇതിലുണ്ട്. ഇതുകൂടാതെ, സ്തനാർബുദം, മറ്റ് കാൻസറുകൾ, പക്ഷാഘാതം, പ്രമേഹം, ഡിമെൻഷ്യ തുടങ്ങി മുപ്പതോളം മറ്റ് രോഗങ്ങളും രൂക്ഷമാക്കും.
മദ്യം അകത്ത് ചെന്ന് വെറും 20 മിനിറ്റിനുള്ളിൽ തന്നെ അത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചു തുടങ്ങും. ജലദോഷം, ഫ്ലൂ, കോവിഡ്-19 തുടങ്ങി അണുബാധകളെ പ്രതിരോധിക്കാനുള്ള ശേഷി ഇതോടെ കുറയുന്നു. ഒറ്റത്തവണയുള്ള അമിത മദ്യപാനം പോലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് പ്രതിരോധ സംവിധാനത്തെ തളർത്തും.
മദ്യപാനം മൂലം നമുക്ക് ആയുസിൽ നിന്ന് വലിയൊരു ഭാഗം നഷ്ടപ്പെടുന്നുണ്ട്. ഒരു ഗ്ലാസ് മദ്യം ഒരു സിഗരറ്റിന് തുല്യമാണെന്നാണ് ഗവേഷകർ പറയുന്നത്. അതുപോലെ മദ്യപാനികളുടെ തലച്ചോർ ചുരുങ്ങുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഓർമ നഷ്ടപ്പെടാനും അൽഷിമേഴ്സ് പോലുള്ളവയിലേക്കും നയിക്കാം.





