മെൽബൺ: ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ നിന്നുള്ള ആറു യാത്രക്കാർ വെള്ളിയാഴ്ച ഓസ്‌ട്രേലിയയിൽ എത്തി. ഇവരെ മൂന്ന് ആഴ്ചത്തേക്ക് ക്വാറന്റൈനിൽ പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരുമായി എത്തിയ ബിസിനസ് ജെറ്റ് നെതർലൻഡ്സിൽ നിന്ന് പുറപ്പെട്ട് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിൽ ഉള്ള RAAF ബേസ് പിയേഴ്‌സിൽ ലാൻഡ് ചെയ്തു. തുടർന്ന് യാത്രക്കാരെയും ഡോക്ടറെയും ബസിൽ അടുത്തുള്ള ബുൾസ്ബ്രൂക്ക് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ നേരിട്ട് നടപടികൾക്ക് നേതൃത്വം നൽകി. നെതർലൻഡ്സിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ആറു യാത്രക്കാരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. വിമാനയാത്രയ്ക്കിടെ ഡോക്ടർ നടത്തിയ പരിശോധനയിലും പ്രത്യേക ആശങ്കകൾ കണ്ടെത്തിയിട്ടില്ല.
അർജന്റീനയിൽ നിന്ന് കേപ് വെർഡെയിലേക്ക് യാത്ര തിരിച്ച ‘എംവി ഹോണ്ടിയസ്’ എന്ന ഡച്ച് ക്രൂയിസ് കപ്പലിലാണ് ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചത്. മെയ് ആദ്യവാരത്തിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കപ്പലിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർ പിന്നീട് മരണപ്പെട്ടിരുന്നു.
ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ യൂണിയന്റെയും നിർദേശപ്രകാരം കപ്പലിൽ നിന്ന് യാത്രക്കാരെ വിവിധ രാജ്യങ്ങളിലേക്ക് ഒഴിപ്പിക്കുകയും കപ്പൽ അണുവിമുക്തമാക്കുന്നതിനായി നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
നിലവിൽ കപ്പലുമായി ബന്ധപ്പെട്ട 11 പേർക്ക് രോഗബാധയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഫ്രാൻസിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു. വൈറസിന് കൂടുതൽ വ്യാപന ശേഷിയുള്ള ജനിതക മാറ്റങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് യൂറോപ്യൻ ആരോഗ്യ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.






