ആലപ്പുഴ: ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പോകുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. കരിപ്പുറത്തുവെളി സ്വദേശി കെ മുഹമ്മദ് ഷാഫി (28)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30ഓടെ ആലപ്പുഴ ബൈപ്പാസിൽ കുതിരപ്പന്തി അടിപ്പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം.
ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന്റെ പിന്നിലേക്കാണ് കാർ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് ഷാഫി പത്തടിയിലേറെ താഴെയുള്ള സർവീസ് റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുനാഗപ്പള്ളിയിൽ ഞായറാഴ്ച നടക്കാനിരുന്ന ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു മുഹമ്മദ് ഷാഫിയുടെ യാത്ര. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്ന അദ്ദേഹം മുഹമ്മ സ്വദേശിയാണ്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ സമീർ ഒന്നരവർഷം മുൻപ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. പിതാവ് കെ എ സലീം വിമുക്തഭടനാണ്. മാതാവ് നസി മുഹമ്മ ഗവ. എൽപി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയാണ്.






