കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും നീതി ലഭ്യമാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും ഉമ തോമസ് വ്യക്തമാക്കി.
അമിതവേഗതയിലുള്ള വാഹനയാത്ര മൂന്ന് വിലപ്പെട്ട ജീവനുകളാണ് കവർന്നെടുത്തതെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ദുരന്തത്തിൽ തകർന്നത്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും സമ്മാനിച്ച വേദന വാക്കുകൾക്കതീതമാണെന്നും അവർ പറഞ്ഞു.
ഇന്ന് പുലർച്ചെ 12.30ഓടെയാണ് നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ മരിച്ചു. തൃക്കാക്കര മണ്ഡലത്തിലെ കെ.എം.എം. കോളേജ് വിദ്യാർഥിനികളായിരുന്നു ദേവികയും ഗോപികയും.
19കാരനായ സുഹൈൽ സജീവ് ഓടിച്ചിരുന്ന കാറാണ് സ്കൂട്ടറിലിടിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിമാനത്താവളത്തിലേക്ക് സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ സുഹൈൽ യാത്രയ്ക്കിടെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. സുഹൃത്തിന്റെ വിമാനം പുലർച്ചെ 2.40ന് എത്തേണ്ടതിനാൽ വീണ്ടും ബാറുകളിൽ പോയി മദ്യപിച്ചെന്നാണ് വിവരം. മദ്യലഹരിയിലാണ് വാഹനം സ്കൂട്ടറിലിടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
19കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ കണ്ടെത്തി കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിക്ക് മദ്യം നൽകിയ സ്ഥാപനങ്ങളുടെ പങ്കും പരിശോധിക്കും.
അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദുരന്തത്തിൽ തകർന്ന കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.


