പാലക്കാട്: തിരുവനന്തപുരം കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. കൊടുവായൂർ പിട്ടുപ്പീടിക കുരുടൻകുളമ്പിൽ നിജാമുദ്ദീന്റെ മകൻ ആഷിക് (29) ആണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അന്ത്യം.
ആഷിക്കും പൊല്പുള്ളി വേർകോലി കമ്പിളിച്ചുങ്കം സ്വദേശിനി നൗഷിജയും മാർച്ചിലായിരുന്നു വിവാഹിതരായത്. വിദേശത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് ഒരുമിച്ചൊരു യാത്രയ്ക്കായി മേയ് എട്ടിന് രാവിലെ ഇരുവരും തിരുവനന്തപുരത്തെത്തുകയായിരുന്നു. ബന്ധുവിനൊപ്പം കവടിയാർ-കുറവൻകോണം റോഡിലൂടെ നടന്നുപോകുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ അമിതവേഗ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ നൗഷിജ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആഷിക് ഉൾപ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. ആഷിക്കിന്റെ ബന്ധുവായ അസ്മ (22) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.






