തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളെ തറയിൽ കിടത്തി ചികിത്സിക്കുന്ന പ്രാകൃത രീതി പൂർണ്ണമായും അവസാനിപ്പിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഉടനടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളജുകളിലെ തിരക്കും രോഗികൾ തറയിൽ കിടക്കേണ്ടി വരുന്ന അവസ്ഥയും സമീപകാലത്ത് ആരോഗ്യ വകുപ്പിനെതിരെ വലിയ തോതിലുള്ള പൊതുജനവിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രശ്നത്തിന് ശാശ്വതമായൊരു പരിഹാരമാണ് സർക്കാർ ലക്ഷ്യം.
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ ഫീവർ ക്ലിനിക്ക് പുലയനാർകോട്ടയിലുള്ള ചെസ്റ്റ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ച കാര്യവും മന്ത്രി അറിയിച്ചു. സമാന പ്രശ്നം അനുഭവിക്കുന്ന കോഴിക്കോടും പരിഹാരമായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരു പുതിയ വാർഡ് ബ്ലോക്ക് നിർമ്മിക്കും. അധികമായി വരുന്ന രോഗികളെ ഈ പുതിയ വാർഡിലേക്ക് മാറ്റാൻ ആവശ്യമായ സ്ഥലം മെഡിക്കൽ കോളജ് കാമ്പസിലുണ്ടെന്നും മന്ത്രി പറഞ്ഞു.











