തൃശ്ശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ. കരുണാകരന്റെ സ്വപ്ന പദ്ധതിയായിരുന്നു നെടുമ്പാശേരി വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശ്ശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച നെടുമ്പാശേരി വിമാനത്താവളം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറിയതിൽ കരുണാകരന്റെ പങ്ക് വലിയതാണെന്നും അതിന് നന്ദി പറയേണ്ടത് അദ്ദേഹത്തോടാണെന്നും വി.എം. സുധീരൻ പറഞ്ഞു.
വർഷങ്ങളായി ഈ വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയെങ്കിലും ഈ ആവശ്യം അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
കെ. കരുണാകരനുമായി നയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായ ബന്ധം തുടർന്നിരുന്നുവെന്നും സുധീരൻ പറഞ്ഞു. പാർട്ടിയുടെ സംഘടനാ കാര്യങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിലും അന്നത്തെ നേതാക്കൾ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരൻ പൊതുരംഗത്ത് ഇല്ലാത്തത് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർക്കപ്പെടുമെന്നും വി.എം. സുധീരൻ കൂട്ടിച്ചേർത്തു.


