കശ്മീർ: പ്രണയസാഫല്യത്തിനായി പാകിസ്ഥാൻ അധീന കശ്മീരിൽ നിന്നും ഇന്ത്യൻ അതിർത്തി കടന്ന യുവാവിനെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അധികൃതർ തിരിച്ചയച്ചു. സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട ഉറി സ്വദേശിനിയായ കാമുകിയെ കാണാനായി 22 വയസ്സുകാരനായ സീഷാൻ മീർ കഴിഞ്ഞ മെയ് 31-നാണ് നിയന്ത്രണ രേഖ (LoC) മറികടന്നത്.
അതിർത്തി കടന്ന ഉടൻ തന്നെ സുരക്ഷാ സേന ഇയാളെ പിടികൂടി. തുടക്കത്തിൽ കടുത്ത നിയമനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും, ഇത് ഭീകരപ്രവർത്തനമല്ലെന്നും പ്രണയസംബന്ധമായ കാരണമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് കോടതി യുവാവിനെ കുറ്റവിമുക്തനാക്കി. തുടർന്ന് അധികൃതർ അനുവദിച്ച കുറച്ചുനേരം കാമുകിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നടപടി പൂർത്തിയാക്കിയത്. പിന്നീട് ഉറിയിലെ കാമൻ ക്രോസിങ് വഴി സീഷാനെ ഇന്ത്യൻ അധികൃതർ പാകിസ്ഥാൻ സേനയ്ക്ക് കൈമാറി.











