കൊച്ചി: പുലികളിയുമായി ബന്ധപ്പെട്ട പരാമർശം വിവാദമായതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. തന്റെ അഭിപ്രായപ്രകടനവും ഉപയോഗിച്ച അനുചിതമായ പദപ്രയോഗങ്ങളും പുലിക്കളി കലാകാരന്മാർക്കും ഇതുമായി ബന്ധപ്പെട്ടവർക്കും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.
പുലികളിയെക്കുറിച്ചുള്ള മുൻ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം കൂടി പങ്കുവെച്ചുകൊണ്ടാണ് വി കെ ശ്രീരാമൻ തന്റെ നിലപാട് തിരുത്തിയത്.
തൃശൂരിലെ പുലിക്കളി സിംഗിൾ തീം കാർണിവലാണെന്നും കാസർകോടൻ പുലിക്കളി ആയോധനകലയുടെ ഘടകങ്ങൾ ഉൾപ്പെട്ട ഒരു കലാരൂപമാണെന്നുമുള്ള അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചത്. പരിശീലനവും മെയ് വഴക്കവും ആവശ്യമുള്ള കലാരൂപമാണ് കാസർകോടൻ പുലിക്കളിയെന്നും കാർണിവലിൽ പ്രധാനമായും ദൃശ്യവിരുന്നിനാണ് പ്രാധാന്യമെന്നും അഭിപ്രായത്തിൽ പറയുന്നു.
ഈ അഭിപ്രായം ശരിയാണെന്ന് താൻ ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും അതിനാൽ തന്റെ മുൻ അഭിപ്രായപ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നും വി കെ ശ്രീരാമൻ വ്യക്തമാക്കി.
പുലികളി കലാകാരന്മാരെയും സംഘാടകരെയും അഭിനന്ദിച്ചുകൊണ്ട്, ഈ നൃത്തകലാരൂപത്തെ കൂടുതൽ മനോഹരമാക്കാനുള്ള ശ്രമങ്ങൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


