തൃശൂർ: കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിയ്യൂർ ജയിലിലെത്തി. ബിജെപി പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ചും ഷാൾ അണിയിച്ചുമാണ് സുഗതന് സ്വീകരണം നൽകിയത്. സുഗതന്റെ ഭാര്യയും മകനും ജയിലിലെത്തിയിരുന്നു.
തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സുഗതൻ ആരോപിച്ചു. ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസെടുത്തതെന്നും ഒരു പൊലീസുകാരന്റെ തീരുമാനത്തിന്റെ പേരിൽ പോലും ഒരാൾക്ക് ജയിലിൽ കഴിയേണ്ട സാഹചര്യമുണ്ടാകാമെന്നതിന്റെ തെളിവാണ് തന്റെ തടങ്കലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഇടപെട്ടിട്ടുള്ളതെന്നും നാട്ടുകാരുടെ ആവശ്യങ്ങൾക്കായി ഇനിയും ജയിൽവാസത്തിന് തയ്യാറാണെന്നും സുഗതൻ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. സിപിഎമ്മാണ് തന്നെ ‘ഗുണ്ട’യാക്കിയതെന്നും സുഗതൻ ആരോപിച്ചു.
അതേസമയം, സുഗതനെതിരായ കേസ് കള്ളക്കേസാണെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സിപിഎം രജിസ്റ്റർ ചെയ്ത കേസിൽ കോൺഗ്രസും ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധി ഇത്തരം വിഷയങ്ങൾ കാണുന്നില്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസെടുക്കുന്ന സാഹചര്യത്തിൽ, മുൻ മന്ത്രി മുനീറിനെതിരെയും സിപിഎം മന്ത്രിക്കെതിരെയും കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.


