കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെ വ്യാപക നാശനഷ്ടം. കോഴിക്കോട് ബാലുശ്ശേരി കൈതച്ചാലിന് സമീപം മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. ഭാസ്‌കരന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പരിക്കേറ്റ ഭാസ്‌കരനെയും ഭാര്യ പ്രേമയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം-തിരൂർ റൂട്ടിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
പെരുമ്പാവൂർ ഓടക്കാലിയിൽ ശക്തമായ കാറ്റിലും മഴയിലും സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നുവീണു. ഓടക്കാലി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൈകിട്ട് നാലരയോടെയാണ് അപകടം. അപകടസമയത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ചാലക്കുടിയിലും മരം വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്വകാര്യ ഹോട്ടലിന് മുന്നിൽ നിർത്തിയിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്കാണ് മരം വീണത്. കാറിന് പുറമെ രണ്ട് വാഹനങ്ങൾക്കും കേടുപാടുണ്ടായി. സംഭവത്തിൽ ആളപായമില്ല.
അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
നാളെയും മറ്റന്നാളും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. ഒക്ടോബർ ഒൻപതിന് ആറ് ജില്ലകളിലും 10ന് മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ ആറുമുതൽ 10 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ ആറ്, ഒൻപത്, 10 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.


