കൊച്ചി: ശുചിമുറി ഉപയോഗിച്ചതിന്റെ 10 രൂപ ഗൂഗിൾ പേ വഴി നൽകാമെന്ന് പറഞ്ഞ യുവാവിനെ മർദിച്ചെന്ന പരാതിയിൽ രണ്ട് ശുചിമുറി ജീവനക്കാർ അറസ്റ്റിൽ. മറൈൻ ഡ്രൈവിലെ ശുചിമുറി ജീവനക്കാരായ കളമശേരി കൊടിയിൽവീട്ടിൽ എസ്. അജിത്ത് (44), വരാപ്പുഴ എടമ്പാടം മഠത്തിപ്പറമ്പിൽ എം.എം. റോബിൻ (59) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വാഴക്കുളം സ്വദേശി താജുദീനാണ് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ജിസിഡിഎയുടെ കീഴിലുള്ള മറൈൻ ഡ്രൈവ് വോയിലെ ശുചിമുറി ഉപയോഗിക്കാനെത്തിയതായിരുന്നു താജുദീൻ.
ശുചിമുറിയുടെ 10 രൂപ ഫീസ് ഗൂഗിൾ പേ വഴി നൽകാമെന്ന് താജുദീൻ പറഞ്ഞെങ്കിലും പണം മാത്രമേ സ്വീകരിക്കൂവെന്ന് ജീവനക്കാരൻ നിർബന്ധിച്ചതോടെയാണ് തർക്കമുണ്ടായത്. കയ്യിൽ പണമില്ലാതിരുന്നതിനാൽ താജുദീൻ ശുചിമുറിയിൽ കയറിയെന്നാണ് പരാതി.
തുടർന്ന് ജീവനക്കാരൻ പിന്നാലെയെത്തി വാതിൽ തല്ലിത്തുറക്കാൻ ശ്രമിച്ചെന്നും പുറത്തുവന്നപ്പോൾ മർദിച്ചെന്നും താജുദീൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വാതിൽ ബലമായി തുറന്നപ്പോൾ ചുണ്ടിന് പരുക്കേറ്റതായും പരാതിയിലുണ്ട്.
ജീവനക്കാരനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർ ചേർന്ന് മുഖത്തും തലയിലും മർദിച്ചതായും താജുദീൻ ആരോപിച്ചു. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സെൻട്രൽ പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


