ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നൽകിയ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തുടർനീക്കം ഇപ്പോഴും വ്യക്തമല്ല. സതീശനെതിരെ അടൂർ പ്രകാശ് നടത്തിയ വിമർശനങ്ങളും തുടർന്ന് ഖാർഗെയ്ക്ക് നൽകിയ പരാതിയും സംബന്ധിച്ച് ദേശീയ നേതൃത്വം നിലപാട് പരിശോധിച്ചുവരികയാണ്.
മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ പാർട്ടിയുമായും മുന്നണി നേതാക്കളുമായും മതിയായ ചർച്ച നടത്താതെ എടുക്കുന്നുവെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന ആരോപണം. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, പരാതിയിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഹൈക്കമാൻഡ് തേടിയാൽ മാത്രമേ മുഖ്യമന്ത്രി വിശദീകരണം നൽകൂ എന്ന നിലപാടിലാണ് വി.ഡി. പക്ഷം. അടൂർ പ്രകാശിനെതിരെ ഇപ്പോൾ നേരിട്ടുള്ള മറുനീക്കത്തിനും സതീശൻ തയ്യാറാകുന്നില്ലെന്നാണ് സൂചന.
കെപിസിസി ആസ്ഥാനത്ത് അടൂർ പ്രകാശ് നടത്തിയ വാർത്താസമ്മേളനത്തിന് പിന്നിൽ ഉന്നതതല ഇടപെടലുണ്ടായിരുന്നെന്ന ആരോപണവും വി.ഡി. പക്ഷത്ത് ഉയരുന്നുണ്ട്. അതിനിടെ, അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയ വിവരം പാർട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പങ്കുവെച്ചതും ശ്രദ്ധേയമായി. ഇതിനെ അടൂർ പ്രകാശിനെ പാർട്ടി നേതൃത്വം ചേർത്തുനിർത്തുന്നതിന്റെ സൂചനയായി വി.ഡി. പക്ഷം കാണുന്നു.
പ്രശ്നപരിഹാരത്തിനായി സർക്കാർ-പാർട്ടി ഏകോപന സംവിധാനം രൂപീകരിക്കുന്നതും മുഖ്യമന്ത്രിയുടെ നിലപാട് തേടുന്നതും ഹൈക്കമാൻഡ് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വി.ഡി. സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അടൂർ പ്രകാശിന്റെ പരാതിയും ചർച്ചയായതായി സണ്ണി ജോസഫ് സ്ഥിരീകരിച്ചു.
അതേസമയം, ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവി ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാനുള്ള നിർദേശങ്ങൾക്കിടെയാണ് കേരള കോൺഗ്രസിലെ ആഭ്യന്തര തർക്കം വീണ്ടും ചർച്ചയാകുന്നത്. വിഷയത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം നിർണായകമാകും.




