പത്തനംതിട്ട: 13 വയസ്സുകാരുടെ വ്യാജ പീഡന പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി യുവാവ് ആരോപിച്ചു. കാലിൽ ബൂട്ടിട്ട് ചവിട്ടിയതും മുടിയിൽ പിടിച്ച് വലിച്ചതും ചെവിയിൽ പിടിച്ച് കറക്കിയതുമടക്കമുള്ള പീഡനങ്ങൾ നടന്നുവെന്ന് യുവാവ് പറഞ്ഞു.
ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് അറിയിച്ചിട്ടും പൊലീസ് ഉപദ്രവിച്ചുവെന്നും, മൂന്നാം തീയതി വൈകിട്ട് പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടാണ് വിട്ടയച്ചതെന്നും യുവാവ് ആരോപിക്കുന്നു. ഈ സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ആളുമാറി തന്റെ സഹോദരനെയും കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചതായും യുവാവ് വ്യക്തമാക്കി.
ചൈൽഡ് ഹെൽപ്പ് ലൈൻ വഴിയാണ് പെൺകുട്ടിയുടെ പരാതി പൊലീസിന് ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സഹപാഠികൾ ഉൾപ്പെടെ ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, പെൺകുട്ടിയുടെ മൊഴികളിൽ പിന്നീട് മാറ്റം വന്നതായി പൊലീസ് അറിയിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു. കേസിൽ പോക്‌സോ നിയമപ്രകാരം അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി ചൈൽഡ് ഹെൽപ്പ് ലൈനിൽ നൽകിയ മൊഴി വ്യാജമാണോയെന്നും, ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











