തൃശ്ശൂർ: ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാലക്കുടി പോട്ട സ്വദേശി അഫ്സലിന്റെ ഭാര്യ എമിൽഡ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഒക്ടോബർ ആറിനാണ് എമിൽഡയെ ഭർതൃവീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
പരിയാരം സ്വദേശിനിയായ എമിൽഡയും അഫ്സലും രണ്ടുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ദമ്പതികൾക്ക് ഒരു വയസ്സുള്ള കുഞ്ഞുമുണ്ട്.
എമിൽഡയെ ഭർത്താവ് ഉപദ്രവിച്ചിരുന്നതായി യുവതിയുടെ സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഫ്സലിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)



