ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി. ഇന്ന് രാത്രി എട്ട് മണിവരെ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. രാത്രി പത്ത് മണിവരെ മലയോര മേഖലകളിലൂടെയുള്ള യാത്രകളിലും പ്രത്യേക ശ്രദ്ധ വേണം. വെള്ളച്ചാട്ടങ്ങൾക്ക് സമീപം വിനോദസഞ്ചാരികൾ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഇടുക്കിക്ക് പുറമെ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കേരളത്തിൽ ഇന്ന് (ഒക്ടോബർ 11), 14, 15 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 12, 13 തീയതികളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് അപകടമുണ്ടാക്കുന്നതോടൊപ്പം വൈദ്യുത, ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുതോപകരണങ്ങൾക്കും നാശനഷ്ടമുണ്ടാക്കാം. അതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നൽ ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുന്നറിയിപ്പുകൾ അവഗണിക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്ക് സമീപം നിൽക്കാതിരിക്കുകയും വേണം. കെട്ടിടത്തിനുള്ളിൽ കഴിയുമ്പോൾ ഭിത്തികളിലും തറയിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണം.
ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും അവയുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. ലാൻഡ്ഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളുൾപ്പെടെ ആരും തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കളിക്കരുത്.
മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ അരുത്. ഇടിമിന്നലുള്ളപ്പോൾ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കുള്ളിൽ തന്നെ തുടരുകയും കൈകാലുകൾ പുറത്തേക്ക് ഇടാതിരിക്കുകയും വേണം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയവയിലെ യാത്ര ഒഴിവാക്കി ഇടിമിന്നൽ അവസാനിക്കുന്നതുവരെ സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണമെന്നും നിർദേശമുണ്ട്.



