സിഡ്നി: വിമാനത്തിനുള്ളിൽ യാത്രക്കാരൻ അക്രമാസക്തനായി പെരുമാറിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റെ അന്താരാഷ്ട്ര വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. മെൽബണിൽ നിന്ന് അമേരിക്കയിലെ ഡാലസിലേക്ക് പുറപ്പെട്ട ക്വാണ്ടാസ് എഫ്21 (QF21) ബോയിങ് വിമാനം യാത്രാമധ്യേയാണ് സംഭവത്തെ തുടർന്ന് ഫ്രഞ്ച് പോളിനേഷ്യയുടെ തലസ്ഥാനമായ പപ്പീറ്റിലെ ഫാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
ന്യൂസിലൻഡ് സ്വദേശിയായ യാത്രക്കാരൻ വിമാനത്തിനുള്ളിൽ ജീവനക്കാരോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. തടയാൻ ശ്രമിച്ച ക്യാബിൻ ക്രൂ അംഗത്തിന്റെ കൈയിൽ ഇയാൾ കടിച്ചുകീറിയതായും വിവരമുണ്ട്.
ഇതോടെ മറ്റ് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ നിയന്ത്രിച്ച് സീറ്റിൽ കെട്ടിയിട്ടു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മെഡിക്കൽ സഹായത്തോടെ സെഡേറ്റീവുകൾ നൽകിയെങ്കിലും യാത്രക്കാരനെ ശാന്തനാക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടുണ്ട്.
സ്ഥിതി നിയന്ത്രണാതീതമായതോടെ പൈലറ്റ് വിമാനം താഹിതിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പപ്പീറ്റിൽ വിമാനം ഇറങ്ങിയ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അക്രമാസക്തനായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ക്വാണ്ടാസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇയാൾക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയതായി കമ്പനി അറിയിച്ചു.






