ലഖ്‌നൗ: കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിൽ പ്രളയസാഹചര്യം. സംസ്ഥാനത്തെ 13 ജില്ലകളിലായി 173 ഗ്രാമങ്ങളെ പ്രളയം ബാധിച്ചതായി അധികൃതർ അറിയിച്ചു. 13,058 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലായതോടെ 84,362 പേരെ പ്രളയം ബാധിച്ചു. 4,800ലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ബാദായൂൺ, ബഹ്റൈച്ച്, ബലിയ, ബാരാബങ്കി, ബിജ്നോർ, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗർ, ഗോണ്ട, കാസ്ഗഞ്ച്, ലഖിംപൂർ ഖേരി, മുസാഫർനഗർ, സീതാപൂർ, ഉന്നാവോ എന്നീ ജില്ലകളിലാണ് പ്രളയം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്നും ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.
കിഴക്കൻ ഉത്തർപ്രദേശിൽ ഓഗസ്റ്റ് 23 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 20നും 21നും മധ്യ-കിഴക്കൻ യുപിയിലെ വിവിധ നഗരങ്ങളിൽ ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടിന് സാധ്യതയുണ്ട്. അതേസമയം പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത.
ജാർഖണ്ഡിലും പശ്ചിമബംഗാളിലെ ഗംഗാസമതല മേഖലയിലും രൂപപ്പെട്ട ന്യൂനമർദം ബിഹാറിലേക്ക് നീങ്ങിയതാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം മീററ്റ്, ആഗ്ര, അലിഗഡ്, സഹാറൻപൂർ, ബറേലി, മൊറാദാബാദ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും പ്രവചനമുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 1,589 ദുരിതാശ്വാസ ഔട്ട്‌പോസ്റ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. നദികളിലെ ജലനിരപ്പും സ്ഥിതിഗതികളും നിരന്തരം നിരീക്ഷിച്ചുവരികയാണ്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ 16 സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി ഉദ്യോഗസ്ഥരെയും 52 ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 428 ബോട്ടുകളും മോട്ടോർബോട്ടുകളും 1,101 മുങ്ങൽ വിദഗ്ധരെയും വിവിധ മേഖലകളിൽ സജ്ജമാക്കിയിട്ടുണ്ട്.


