കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് പൂർത്തിയായി. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയുള്ള മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി റിയ ചീരാംകുഴിയും നാമനിർദേശ പത്രിക നൽകി. 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കുമെന്നാണ് വിവരം. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം തവണയും വിജയിച്ച മായ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.
മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് സ്ഥാനത്തുനിന്ന് പുറത്തായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന നിലയിൽ ദിയ ബിനു പുളിക്കകണ്ടം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആറുമാസത്തെ ഭരണത്തിന് ശേഷമാണ് അവിശ്വാസ പ്രമേയത്തെ തുടർന്ന് അവർക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്.
കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും പിന്തുണയോടെയാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. പാർട്ടി വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.


