ചെന്നൈ: ഡിഎംകെ–എഐഎഡിഎംകെ സഖ്യശ്രമങ്ങളിൽ ഇടനിലക്കാരനെന്ന തരത്തിൽ ഉയർന്ന പ്രചാരണങ്ങൾ തള്ളി സൂപ്പർതാരം രജനികാന്ത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളൊന്നുമില്ലായിരുന്നുവെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ വിളിച്ചുചേർത്ത അസാധാരണ വാർത്താസമ്മേളനത്തിലാണ് രജനികാന്ത് നിലപാട് വ്യക്തമാക്കിയത്. വിജയ് യെ തടയാൻ ഡിഎംകെ–എഐഎഡിഎംകെ സഖ്യത്തിന് മുൻകൈ എടുത്തുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിൻ തന്റെ സുഹൃത്താണെന്നും കൊളത്തൂരിൽ തോറ്റപ്പോൾ ദുഃഖം തോന്നിയതിനാലാണ് അദ്ദേഹത്തെ കണ്ടതെന്നും രാഷ്ട്രീയ ലക്ഷ്യം ഇല്ലായിരുന്നുവെന്നും രജനികാന്ത് വിശദീകരിച്ചു. തന്നെ കുറിച്ച് നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വിജയ് യുടെ രാഷ്ട്രീയ വിജയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ തനിക്ക് അസൂയയില്ലെന്നും, 52-ാം വയസിൽ എംജിആറും എൻടിആറും നേടിയതിനെക്കാൾ വലിയ വിജയം അദ്ദേഹം നേടിയിട്ടുണ്ടെന്നും രജനികാന്ത് പറഞ്ഞു. ബിജെപിയെയും രണ്ട് വലിയ പാർട്ടികളെയും തോൽപ്പിച്ച വിജയ് യുടെ നേട്ടം ആശ്ചര്യവും സന്തോഷവും നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ചിലതിൽ രജനികാന്ത് അതൃപ്തി പ്രകടിപ്പിക്കുകയും, താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ 100 ശതമാനം വിജയിക്കുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ കാണുന്നതിൽ നിലവിൽ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






