തിരുവനന്തപുരം: മുസ്‍ലിം ലീഗ് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരുൾപ്പെടെ അഞ്ചുപേരുടെ സാധ്യതാ പട്ടികയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറിയത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നും മന്ത്രിമാരുടെ വകുപ്പുകൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. എന്നാൽ മന്ത്രിമാർക്ക് ലീഗിൽ ടേം വ്യവസ്ഥയുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല.
മലപ്പുറം ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാരെ മാത്രമേ നിശ്ചയിക്കുകയുള്ളൂ എന്നായിരുന്നു ലീഗ് നേതൃത്വം ആദ്യം തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് കെ.എം ഷാജി, പി.കെ ബഷീർ എന്നിവരിൽ ഒരാൾ മാത്രമേ മന്ത്രിസഭയിലെത്തുകയുള്ളൂ എന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. എന്നാൽ ഇന്ന് നടന്ന നിർണായക ചർച്ചകൾക്കൊടുവിൽ ഇരുവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതുകൂടി ഉൾപ്പെടുന്നതോടെ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം മുസ്‍ലിം ലീഗിന് മൂന്ന് മന്ത്രിമാരുണ്ടാകും.
അതേസമയം, കാസർകോട് നിന്നുള്ള നിയുക്ത എം.എൽ.എ എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അവർ സംസ്ഥാന ലീഗ് നേതൃത്വത്തിന് ഔദ്യോഗികമായി കത്ത് നൽകിയതായാണ് വിവരം. ഉഭയകക്ഷി ചർച്ചകളും മുന്നണി ചർച്ചകളും അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പുതിയ മന്ത്രിസഭയുടെ അന്തിമ ചിത്രം ഇന്ന് വൈകുന്നേരത്തോടെ പൂർണ്ണമായും വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.






