പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഗ്രേഡ്) മുഹമ്മദ് ഷെഫീഖ് (41) ആണ് മരിച്ചത്.
ശബരിമല നിറപുത്തരി ചടങ്ങുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെയാണ് കഴിഞ്ഞ മൂന്നിന് നിലയ്ക്കലിൽ വെച്ച് ഷെഫീഖിന് അപസ്മാരം ബാധിച്ച് കുഴഞ്ഞുവീണത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പത്തനംതിട്ട പൊലീസ് ആസ്ഥാനത്തെ ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചശേഷം പത്തനംതിട്ട ആനപ്പാറയിലെ വീട്ടിലെത്തിച്ചു. തിങ്കളാഴ്ചയാണ് ഖബറടക്കം. ഷെഫീഖിന്റെ പിതാവ് മുഹമ്മദ് ശരീഫ് പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


