കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാഹനവ്യൂഹത്തിനുനേരെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ മരിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ബിർജു കേവോട്ടിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് സംഭവം.
മമതാ ബാനർജിയുടെ വാഹനം ഒരു സംഘം ആളുകൾ വളഞ്ഞ് പ്രതിഷേധിച്ചു. വാഹനത്തിൽ ചെളി പുരട്ടുകയും വാഹനവ്യൂഹത്തിനുനേരെ വെള്ളക്കുപ്പികളും ചെരിപ്പുകളും എറിയുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. മമതയ്ക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളും ഉയർന്നു.
പൊലീസിന്റെ കൺമുന്നിൽവെച്ചാണ് തനിക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ ആക്രമണമുണ്ടായതെന്ന് മമതാ ബാനർജി ആരോപിച്ചു. സാമൂഹികവിരുദ്ധർ കാറിനുനേരെ വലിയ കല്ലുകൾ എറിഞ്ഞെന്നും ആക്രമണം അതീവ രൂക്ഷമായിരുന്നെന്നും മമത പറഞ്ഞു. വാഹനത്തിന്റെ ഗ്ലാസുകൾ തുറന്നിരുന്നെങ്കിൽ ഗുരുതരമായി പരിക്കേൽക്കുമായിരുന്നുവെന്നും എല്ലാവരുടെയും ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും അവർ പ്രതികരിച്ചു.
ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്നും മമത ആരോപിച്ചു.
എന്നാൽ ആരോപണം ബി.ജെ.പി. സംസ്ഥാന നേതൃത്വം നിഷേധിച്ചു. ആക്രമണത്തെ അപലപിക്കുന്നതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. മമതാ ബാനർജിയുടെ വാഹനത്തിനുനേരെ ചെളിയോ കല്ലുകളോ ചെരിപ്പുകളോ എറിഞ്ഞ സംഭവത്തിൽ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃണമൂലും ജനങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായാണ് സംഭവത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായാലും മറ്റേതെങ്കിലും വനിതാ നേതാവായാലും ആരുടെയും വാഹനത്തിനുനേരെ കല്ലെറിയുന്നത് ബി.ജെ.പി. അംഗീകരിക്കില്ലെന്നും സമിക് ഭട്ടാചാര്യ വ്യക്തമാക്കി.
സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നേരത്തെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും സമിക് ഭട്ടാചാര്യ ആവശ്യപ്പെട്ടു.




