തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ അഴകൻവിള ലക്ഷംവീട് ഉന്നതിയിൽ റാഷിദ് (38) ആണ് പിടിയിലായത്. രണ്ട് മീറ്ററും ഒന്നര മീറ്ററും ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും നാല് തൈകളുമാണ് പൊലീസ് പിടിച്ചെടുത്തത്.
മാസങ്ങളായി വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തി വരികയായിരുന്നു റാഷിദെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ മറ്റ് കൃഷികൾക്കൊപ്പമാണ് കഞ്ചാവ് ചെടികളും പരിപാലിച്ചിരുന്നത്. വർക്കല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.
വീട്ടിന്റെ പിൻവശത്തെ കപ്പ, വാഴ കൃഷിക്കിടയിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഏകദേശം രണ്ടര മീറ്റർ വരെ ഉയരമുള്ള ആറ് ചെടികളാണ് സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് എല്ലാ ചെടികളും പിഴുതെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.






