കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വഴി ചോദിക്കാനെത്തിയ അതിഥി തൊഴിലാളിയെ പിന്തുടർന്ന് പിടികൂടി പൊലീസുകാരൻ. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. വടകരയിൽ നിന്ന് രണ്ട് ദിവസം മുമ്പ് മോഷണം പോയ ബൈക്കുമായെത്തിയ യുവാവിനെയാണ് പൊലീസുകാരൻ സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കാസർകോട് എആർ ക്യാംപിൽ ജോലി ചെയ്യുന്ന പെരളം സ്വദേശി സുനീഷിനോട് ബൈക്കിലെത്തിയ യുവാവ് കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ഹിന്ദിയിൽ ചോദിച്ചു.
വഴി പറഞ്ഞുകൊടുക്കുന്നതിനിടെ ബൈക്കിന്റെ നമ്പറിലും യുവാവിന്റെ പെരുമാറ്റത്തിലും സുനീഷിന് സംശയം തോന്നി. ബൈക്ക് കടന്നുപോയ ഉടൻ കാസർകോട് കൺട്രോൾ റൂമിലെ പൊലീസുകാരനായ രജനീഷിനെ വിളിച്ച് വാഹനത്തിന്റെ നമ്പർ കൈമാറി പരിശോധിക്കാൻ ആവശ്യപ്പെട്ടു.
പരിശോധനയിൽ ബൈക്കിന്റെ നമ്പർ വടകരയിൽ നിന്ന് മോഷണം പോയ വാഹനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സുനീഷ് സ്വന്തം ബൈക്കിൽ യുവാവിനെ പിന്തുടർന്നു. ചെറുവത്തൂരിൽ വെച്ച് സാഹസികമായി ഇയാളെ പിടികൂടുകയും ചെയ്തു.
തുടർന്ന് ചന്തേര പൊലീസ് ബൈക്കും യുവാവിനെയും കസ്റ്റഡിയിലെടുത്ത് വടകര പൊലീസിന് കൈമാറി. മറ്റൊരാളിൽ നിന്ന് വാങ്ങിയ ബൈക്കാണിതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




