ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ഇഷ്ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബംഗാൾ സ്വദേശിയായ ഹേമന്ത് (42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മറ്റൊരു തൊഴിലാളിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സോനായി മുർമുവിനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച അർധരാത്രിയോടെ വള്ളികുന്നം സ്വദേശിയായ ബിജിലിന്റെ ഉടമസ്ഥതയിലുള്ള എ.ആർ. ബ്രിക്സ് എന്ന സ്ഥാപനത്തിൽ വച്ചാണ് സംഘർഷം ഉണ്ടായത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






