ബീജിങ്: ദക്ഷിണ ചൈനയിലെ ഗുവാങ്ഷി മേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
ദുരന്തത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലിയുഷോ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തായങ്സുൻ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അപകടസാധ്യത കണക്കിലെടുത്ത് ലിയുഷോ നഗരത്തിൽ നിന്ന് ഏകദേശം 7,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ലിയുഷോയ്ക്ക് പുറമെ ഗുയിഗാങ്, വുഷൗ, ഹെച്ചി, നാന്നിങ് തുടങ്ങിയ സമീപ നഗരങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ 13ഓളം കെട്ടിടങ്ങൾ പൂർണമായി തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിന് പിന്നാലെ പ്രാദേശിക ഭരണകൂടവും അടിയന്തര രക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.






